Tuesday, April 5, 2011

Onam Folk arts

                      മണ്‍ മറഞ്ഞ ഓണക്കളികള്‍ 


                       ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ ഓണത്തിന് ഒരേ മുഖമാണ്.ഓണക്കോടി,പൂ പറിക്കല്‍,പൂക്കളം,ഓണസദ്യ ... ടെലിവിഷന്‍ ലെ ഓണക്കാഴ്ച ഇവിടെ തീരുന്നു.തുടി കൊട്ടും പാട്ടും കളിയുമായി ഒരു നാട്ടിലെ ജനത മുഴുവന്‍ വരവേറ്റിരുന്ന കുറെ ഓണക്കളികളുടെ ചരിത്രമുണ്ട് നമുക്ക്.പലതും മണ്‍  മറഞ്ഞു പോയി,ചിലത് കാലം തെറ്റി നില്‍ക്കുന്നു.ചില ഓര്‍മക്കുറിപ്പുകള്‍

കുമ്മാട്ടിക്കളി
                         
പൊയ് മുഖം ധരിച്ചാടുന്ന ഒരു കലാ രൂപമാണ് കുമ്മാട്ടിക്കളി.കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് ഈ കളിക്ക് പ്രാധാന്യം.മര കഷ്ണത്തില്‍  കൊത്തിയുണ്ടാക്കിയ ചായം തേച്ച പൊയ് മുഖം ഉപയോഗിക്കുന്നത്.ഇലകളും പുല്ലും മറ്റും കെട്ടിക്കോര്‍ത്തു ദേഹത്തില്‍ തൂക്കിയിട്ടു വീട് വീടാന്തരം കയറി യിറങ്ങികൊണ്ടാണ് കുമ്മാട്ടിക്കളി അവതരിപ്പിക്കുക.പ്രധാന കഥാപാത്രമായ കുമ്മാട്ടി മന്ത്ര പദം വസമുള്ള ആളായിരിക്കും.'തള്ള' എന്നാണ് അവരെ വിളിക്കുക. മറ്റു കുമ്മാട്ടികള്‍ ദേവീ ദേവന്മാരുടെ പ്രതി രൂപങ്ങള്‍ ആണ്. ഓണവില്ലിന്റെ താളത്തോടെ ഇവരെ പ്രീതി പെടുത്താനുള്ള പാട്ടുകളാണ് കളിയില്‍ പാടുന്നത്.കുമ്മട്ടിക്കളിക്ക് പ്രത്യേക പരിസീലനം ഒന്നും ആവശ്യമില്ല.കാഴ്ചക്കാരില്‍ ആര്‍ക്കും ഇതില്‍ പങ്ങേടുക്കാം.

ഓണവില്ല് 


തെങ്ങിന്‍ തടി കൊണ്ടോ മുള കൊണ്ടോ ഉണ്ടാക്കിയ ചെറിയ വാദ്യ ഉപകരണമാണ് ഓണവില്ല്.ഓണക്കാലത്ത് മാത്രം ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിനു ഈ പേര് വന്നത്.വള്ളി ഉപയോഗിച്ച് വണ്ണം കുറഞ്ഞ തടിയുമായി ചേര്‍ത്ത് കെട്ടിയ രീതിയിലായിരിക്കും ഓണവില്ല്.വിരലുകള്‍ പല രീതിയില്‍ ഇതിനോട് ചേര്‍ത്ത് മീട്ടി കൊണ്ടാണ് ഈണം ഉണ്ടാക്കുക.കുമ്മാട്ടി സാധാരണ  ഉപയോഗിക്കുന്ന വാദ്യമാണ് ഓണവില്ല്.

തുമ്പി തുള്ളല്‍

ഓണക്കാലത്തെ കളികളില്‍ സ്തീകള്‍ മാത്രം പങ്ങു ചേരുന്ന കളിയാണിത്.ചെറുപ്പക്കാരികള്‍ ആണ് സാദാരണ തുമ്പി ആകുന്നത്‌.കുളിച് ശുദ്ധിയോടെ ഓണക്കോടി ധരിച്ചു സ്ത്രീകള്‍ വട്ടമിട്ടു ഇരിക്കും.തുമ്പി ആയി അവരോധിക്കപ്പെടുന്ന ആള്‍ വട്ടത്തിന് നടുകില്‍ ഇരിക്കും.ചുറ്റും ഇരിക്കുന്നവല്‍ ഉച്ചത്തില്‍ കുരവയിട്ടു കൈ കൊട്ടി താളത്തിലും മേളത്തിലും പാട്ടു പാടികൊണ്ട് തുമ്പിയോട്‌ ചോദ്യങ്ങള്‍ ചോദിക്കും.പാട്ടു തുടങ്ങി അല്‍പ നേരം കഴിയുമ്പോള്‍ പാട്ടിന്‍റെ താളവും കൈയടിയും മുറുകി വരും.ആ സമയത്ത് തുമ്പി മുടി അഴിച്ചിട്ടു ഇളകി ആടാന്‍ തുടങ്ങും.ബോധം നശിക്കുന്നത് വരെ  തുമ്പിയുടെ ഇളകിയാട്ടം തുടരും.

കടുവാക്കളി

പുലിക്കളി എന്നും ഇതിനു പേരുണ്ട്.ഓണക്കാലത്ത് ചെറുപ്പക്കാര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട വിനോധമാണിത്. കടുവയോടു സാമ്യം വരുത്തുന്നതിന് ദേഹത്ത് ചായങ്ങള്‍ തേച്ചു, കൃത്രിമ വാല്‍ വച്ച് പിടിപ്പിക്കും.കടുവയുടെ മുഖം മൂടിയും അണിയും.ഉടുക്ക്,തകില്‍ തുടങ്ങിയ വാദ്യ മേളങ്ങളും കൈയടി താളവുമായി വീട് വീടാന്തരം ഇവര്‍ കയറിയിറങ്ങും.ചിലപ്പോള്‍ തോക്കുമായി ഒരു വേട്ടക്കാരനും കൂടെ ഉണ്ടാകും.


പാക്കനാര്‍ ആട്ടം

ഓരോ വീടിലെയും ദുരിതങ്ങളും ഭൂത പ്രേത സാന്നിദ്യവും അകത്ടുന്നതിനു വേണ്ടിയാണു പാക്കനാര്‍ ആട്ടം നടത്തുന്നത്.പാക്കനാരും ഭാര്യയും തങ്ങളുടെ വീട് സന്ദര്‍ശിച്ചാല്‍ ഇതു സാദ്യമാകും എന്നതാണ് വിശ്വാസം.പണ്ട് ഓണക്കാലത്ത് ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പാക്കനാരും ഭാര്യയും ഓരോ വീട്ടിലും എത്തിയിരുന്നു.





ചവിട്ടുകളി ( ചെറുമാക്കളി)

ചവിട്ടുക്കളിക്ക് പ്രസിദ്ധം മലപ്പുറം ജില്ലയാണ്.പുലയ  സമുദായത്തില്‍ പെട്ടവരാണ് ഇതു കളിക്കുക. ഓണം, വിഷു, ക്ഷേത്രോത്സവങ്ങള്‍ തുടങ്ങിയ ആഘോഷ വേലകലിലാണ് ഇതു അവതരിപ്പിക്കുക.കളിക്കാര്‍ വട്ടത്തില്‍ നില്‍ക്കുകയും നേതാവായിട്ടുള്ള ആള്‍ പാട്ടിന്റെ രണ്ടു വരി പാടി കൊടുക്കുകയും, മറ്റുള്ളവര്‍ അത് ഏറ്റു പാടുകയും ചെയ്യും.പിന്നീട് ഇതേ വരികള്‍ തന്നെ രണ്ടു തവണ ആവര്‍ത്തിച്ചു പാടുകയും ഒപ്പം ആടുകയും ചെയ്യും.പാട്ടിനു ഒപ്പിച്ചു കളിക്കാരുടെ കൈകള്‍ കളത്തിനു അകത്തേക്കും പുറത്തേക്കും എടുത്തു കൊണ്ടാകും ചുവടുകള്‍ വക്കുക. പാട്ട് തീരാറാകുമ്പോള്‍ ആട്ടത്തിന്റെ വേഗവും കൂടും.രീതികള്‍ ഇടക്കിടെ മാറി മറിഞ്ഞാലും ആട്ട്ടത്തിന്റെ ചോടുകള്‍ക്ക് മാറ്റം വരില്ല.സംഗീത ഉപകരണങ്ങളോ പശ്ചാത്തല വെളിച്ചമോ ഈ കളിക്ക് ആവശ്യമില്ല.വെളുത്ത മുണ്ടും തലയില്‍ കെട്ടുമാണ് സാധാരണ വേഷം.

പൊറമടിയാട്ടം 

പത്തനംതിട്ടയില്‍ മല വേടരുടെ ഇടയില്‍ കാണുന്ന പ്രാചീന കലാരൂപമാണിത്.വീടുകള്‍ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിക്കുക.മര കഷണവും കളുവിയുമാണ് സംഗീത ഉപകരണങ്ങള്‍.ശിവനും പാര്‍വതിയുമാണ് പ്രധാന കഥാ പാത്രങ്ങള്‍.അവതാരകള്‍ എപ്പോഴും പുരുഷന്മാര്‍ ആയിരിക്കും.തൊപ്പിപ്പാളയും കുരുത്തോല കൊണ്ട് കെട്ടി ഉണ്ടാക്കിയ ഉടുത്തു കെട്ടുമാണ് ശിവന്റെ വേഷം.കയ്യില്‍ പാളയും പരിചയും പിടിച്ചിട്ടുണ്ടാകും.ചുവന്ന പട്ട് അരയിലും കൈയിലും കെട്ടി, മുത്ത്‌ മാലയും കൈത മാലയും ചിലമ്പും ധരിച്ചു കൊണ്ടായിരിക്കും പാര്‍വതിയുടെ വേഷം.ശിവന്‍ അര്‍ജുനന് പാസുപതാസ്ത്രം കൊടുക്കുന്നതയാണ് പോരമാടിയാട്ടത്തിലെ കഥ.ശിവന്റെ വേഷം കെട്ടുന്ന ആള്‍ തന്നെയാകും അര്‍ജുനനെയും അവതരിപ്പിക്കുക.ഓണക്കാലത്ത് മല വേടര്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാരൂപമാണിത്.

ഓണപൊട്ടന്‍

വടക്കന്‍ ജില്ലകളില്‍ ഓണക്കാലത്ത് എത്തുന്ന തമാശ കഥാപാത്രമാണ് ഓണപൊട്ടന്‍.പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ കിരീടം ചൂടി മുഖമാകെ ചായം തേച്ചു ,അറയില്‍ കെട്ടിയിരിക്കുന്ന വസ്ത്രത്തിന് മീതെ ചുവന്ന തുണി വരിഞ്ഞു കെട്ടി ഓലക്കുടയും ചൂടിയെത്തുന്ന ഓണപൊട്ടന്‍ വീട് വീടാന്തരം കയറി ഇറങ്ങുമേങ്ങിലും  ഒന്നും സംസാരിക്കാറില്ല.തന്റെ വരവ് അറിയിച്ചു കൊണ്ട് കയ്യില്‍ പിടിച്ചിരിക്കുന്ന മണി കിലുക്കും.ഓരോ വീട്ടിലെയും കുട്ടികളുമായാണ്‌ ഓണ പൊട്ടന്  ചങ്ങാത്തം.കൂടാതെ അവര്‍ക്കായി കളികള്‍ കളിക്കുകയും മഹാബലിയായി അഭിനയിക്കുകയും ചെയ്യും.ചില വീട്ടുകാര്‍ അരിയും കോടിയുമെല്ലാം സന്തോഷത്തോടെ ഓണ പൊട്ടന്  നല്‍കും.

ഓണത്തല്ല്


പഴയ യുദ്ധ കാലത്തിന്റെ ഓര്മ പുതുക്കികൊണ്ട് പോരാളിയെ കണ്ടെത്താനുള്ള ഓണക്കാലക്കളിയാണ് ഓണത്തല്ല്.ആദ്യം രണ്ടു പേര്‍ തമ്മിലായിരിക്കും മത്സരം.കുരുത്തോല കൊണ്ട് പരസ്പരം തള്ളിയാണ് യുദ്ധം ചെയ്യുക.ജയിക്കുന്ന ആളുമായി മറ്റുള്ളവര്‍ വീണ്ടും മത്സരിച്ചുകൊണ്ടിരിക്കും.മധ്യ കേരളത്തില്‍ പ്രത്യേകിച്ച് ഓച്ചിറ ഭാഗങ്ങളില്‍ ഈ കളി വാതുവെപ്പിലൂടെയാണ്‌ നടത്തി കൊണ്ടിരുന്നത്.നമ്മുടെ പൂര്‍വികരായിട്ടു തുടര്‍ന്ന് കൊണ്ട് പോന്നിരുന്ന ഈ കളിയെ വെറും തമാശയായി കാണാനാകില്ല.

ഓണത്തുള്ളല്‍

മധ്യ തിരുവിതാംകൂറില്‍ വേലന്‍ സമുദായത്തില്‍ പെട്ടവരാണ് ഈ കളി അവതരിപ്പിക്കുന്നത്.മഹാബലിയെ സ്തുതിച്ചു കൊണ്ടുള്ള പാട്ടും തുള്ളലും ഈ കളിയില്‍ അരങ്ങേറും.കുരുത്തോലയോ  പൂക്കുലയോ കയ്യില്‍ പിടിച്ചു കൊണ്ട് കുറെ സ്ത്രീകള്‍ പട്ടിനോപ്പിച്ചുയിളകിയാടുകയും മറ്റുള്ളവര്‍ ലോഹ പാത്രത്തില്‍ അടിച്ചും തുടി കൊട്ടീം താളമിടുകയും ചെയ്യും.

                                  ഓണക്കളിയും അനുഷ്ടാന കലകളും എല്ലാം ചുരുങ്ങി ചുരുങ്ങി പൂക്കള മത്സരം,ഓണപ്പാട്ട് മത്സരം,വടംവലി എന്നിവ മാത്രമായി.വരും കാലംകളില്‍ ഓണം ഇന്‍സ്റ്റന്റ് ആയി മാറാതിരിക്കാന്‍ ഇതെങ്കിലും നിലനില്‍ക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.








 

No comments:

Post a Comment